ടെക്നോപാർക്കിൽ കാട്ടുപോത്ത്, പ്രദേശത്ത് നിരോധനാജ്ഞ

0
134

തിരുവനന്തപുരം: മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി. തലൈക്കോണം ടെക്‌നോ സിറ്റിക്ക് സമീപത്തുള്ള കൃഷിയിടത്തിലാണ് കാട്ടുപോത്ത് മേയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് ടെക്‌നോ സിറ്റി ജീവനക്കാരും നാട്ടുകാരും പോത്തിനെ കണ്ടത്. തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു.

ടെക്‌നോപാർക്കിന്റെ നാലാംഘട്ടത്തിനായി ഏറ്റെടുത്ത മംഗലപുരത്തെ 400 ഏക്കർ പ്രദേശത്താണ് കാട്ടുപോത്തുള്ളത്. ഇവിടെ സാങ്കേതിക സർവകലാശാലയുടെ ആസ്ഥാനവും ചുരുക്കം ചില കമ്പനികളുടെ ഓഫിസുകളുമാണ് പ്രവർത്തിക്കുന്നുണ്ട്. ഭൂരിഭാഗം പ്രദേശവും കാടുകയറിയ നിലയിലാണ്. ഇവിടെ കാട്ടുപന്നിയേയും ചെന്നായ്ക്കളും സ്ഥിരമായി കാണാറുണ്ട്. എന്നാൽ കാട്ടുപോത്തിനെ കാണുന്നത് ആദ്യമാണ്. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം വനപാലകരും ആർആർടി സംഘവും സ്ഥലത്തത്തി.

കാട്ടുപോത്തിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. പിടികൂടാൻ ശ്രമം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോത്തിനെ മയക്കുവേടി വെച്ച് പിടികൂടാനാണ് ആർആർടി സംഘം ശ്രമിക്കുന്നത്. ഇതിനായി മയക്കുവെടി വെച്ചെങ്കിലും പോത്ത് കൂടുതൽ ഉള്ളിലേക്ക് കയറിപ്പോകുകയായിരുന്നു. തുടർന്ന്, പോത്തിനെ കണ്ടെത്തുന്നതിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മയക്കുവെടിവച്ചു കാട്ടുപോത്തിനെ പിടികൂടാനാണ് ശ്രമം.