എ ഐ ഉപയോഗിച്ച് ജീവനക്കാരുടെ പുഞ്ചിരി വിലയിരുത്തുകയാണ് ജപ്പാനിലെ സൂപ്പർമാർകെറ്റ് ശ്രേണി

0
180

ജാപ്പനീസ് സൂപ്പർമാർക്കറ്റ് ശൃംഖലയായ AEON, ജീവനക്കാർ എങ്ങനെ പുഞ്ചിരിക്കുന്നുവെന്നും സേവന നിലവാരം മെച്ചപ്പെടുത്തുന്നുവെന്നും വിലയിരുത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച്‌ നിര്ണയിക്കുന്നുണ്ട്. ജീവനക്കാരുടെ മൂല്യനിർണയത്തിനായി AI സംവിധാനം ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനി കൂടിയാണിത്. ജൂലൈ 1ന് ആരംഭിച്ച ഈ സംവിധാനം AEON-ന്റെ രാജ്യത്തുടനീലമുള്ള 240 സ്‌റ്റോറുകളിലും പ്രാവർത്തികമാക്കിയിട്ടുണ്ട്.

‘മിസ്റ്റർ സ്‌മൈൽ’ എന്ന എഐ സംവിധാനം ജപ്പാനിലെ ടെക്‌നോളജി കമ്പനിയായ ഇൻസ്റ്റവിആർ ആണ് രൂപപ്പെടുത്തിയിരിക്കുന്നത്. മുഖത്തെ ചലനങ്ങൾ, ശബ്ദത്തിന്റെ ഉച്ചത, അഭിസംബോധന ചെയ്യുമ്പോഴുള്ള ശബ്ദത്തിലെ വ്യത്യാസം, തുടങ്ങി 450 ഓളം ഘടകങ്ങൾ ഈ സംവിധാനത്തിൽ വിലയിരുത്തപ്പെടും. സൂപ്പർ മാർക്കറ്റിന്റെ എട്ട് സ്റ്റോറുകളിലെ ഏകദേശം 3400 ജീവനക്കാരിൽ ഈ സംവിധാനം പരീക്ഷിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ഇവരുടെ സേവന മനോഭാവത്തിൽ 1.6 മടങ്ങ് പുരോഗതിയുണ്ടായതായും റിപ്പോർട്ടുണ്ട്. ജീവനക്കാരുടെ നിലവാരം ഉയർത്തി മികച്ച ഉപഭോക്തൃ സേവനം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സൂപ്പർ മാർക്കറ്റ് അധികൃതർ പറഞ്ഞു.

എന്നാൽ മിസ്റ്റർ സ്‌മൈലിന്റെ ആഗമനത്തിന് പിന്നാലെ ജോലി സ്ഥലത്ത് ജീവനക്കാർ അനുഭവിക്കുന്ന പീഡനങ്ങളെയും അഭിസംബോധന ചെയ്യണമെന്ന ആവശ്യം ഉയർന്നു. പ്രത്യേകിച്ചും ചില ഉപഭോക്താക്കളിൽ നിന്ന് ജീവനക്കാർ നേരിടുന്ന ചൂഷണം ചർച്ച ചെയ്യപ്പെടണമെന്ന ആവശ്യമുയരുകയാണ്. അംഗീകരിക്കപ്പെട്ട രീതിയിൽ ജീവനക്കാർ പുഞ്ചിരിച്ചുകൊണ്ടിരിക്കണമെന്ന് പറയുന്നത് ഒരു തരത്തിൽ വിവേചനമാണെന്ന് വിമർശകർ പറയുന്നു. പുഞ്ചിരി വ്യക്തികളുടെ മനസ്സിൽ നിന്ന് വരേണ്ടതാണെന്നും അതിനെ ഒരു ഉൽപ്പന്നമായി കാണരുതെന്നും ചിലർ വിമർശിച്ചു.

കസ്റ്റമറിനെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യണമെന്ന മക്‌ഡൊണാൾസിന്റെ ജപ്പാൻ ശൃംഖലയിലെ വ്യാപാര തന്ത്രത്തെ ഓർമ്മിപ്പിക്കുന്ന രീതിയാണിതെന്നും ചിലർ ആരോപിച്ചു. ഈ രീതിയ്‌ക്കെതിരെ നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തുച്ഛമായ ശമ്പളം വാങ്ങുന്ന ജീവനക്കാരുടെ മേൽ അധികഭാരം ചുമത്തുന്നുവെന്ന് നിരവധി പേർ വിമർശിച്ചിരുന്നു.