തൃശൂർ തിരുവില്വാമലയിലെ ക്ഷേത്രത്തിൽ മോഷണം,ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

0
94

തൃശൂർ തിരുവില്വാമലയിലെ ക്ഷേത്രത്തിൽ മോഷണം. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു എന്നാണ് ക്ഷേത്ര കാര്യസ്ഥരുടെ അനുമാനം. നാലമ്പലത്തിൻ്റെ മേൽക്കൂര മാറ്റി ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് കൗണ്ടർ തകർത്ത് പണം അപഹരിച്ചത്.

കർക്കിടക മാസമായതിനാൽ തന്നെ ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനം ഉണ്ടായിരുന്നു. കൗണ്ടറിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന അറിവുള്ള ആളാണ് മോഷണം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം.

രാവിലെ ആറുമണിയോടെ കൂടുതൽ ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്ന സംഭവം അറിഞ്ഞത്. കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജർ പറഞ്ഞു. പഴയന്നൂർ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്.