നീറ്റ് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നു സുപ്രീം കോടതി

0
90

ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നു സുപ്രീം കോടതി. വ്യാപകമായ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. വിധി പ്രഖ്യാപന വേളയിൽ നീറ്റ് പുനഃപരീക്ഷ നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു.

പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നുവെന്നതിന് തെളിവുകൾ ഇല്ലെന്നും അതിനാൽ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തേണ്ടതില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഈ പരീക്ഷയെഴുതിയത് 23 ലക്ഷം പേരാണ് അതിൽ തന്ന 20 ലക്ഷം പേർ യോഗ്യത നേടിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയാൽ അവരെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഈ വിഷയത്തിൽ നേരത്തെ തന്നെ എൻടിഎയും സിബിഐയും റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. വ്യാപക ചോർച്ച നടന്നിട്ടില്ലെന്നായിരുന്നു എൻടിഎ വാദം. എന്നാൽ ഈ റിപ്പോർട്ടിന്റെ വിശ്വാസ്യത ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മാർക്ക് ലിസ്റ്റ് പ്രഖ്യാപിക്കാൻ സുപ്രീം കോടതി എൻടിഎയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തന്നെ ചില വിദ്യാർത്ഥികൾക്ക് അവിശ്വസനീയമായ വിധത്തിൽ മാർക്ക് നൽകിയെന്നും ഹർജിക്കാർ ആരോപിച്ചു.