ഇടുക്കി കുമളിയിൽ കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു

0
91

ഇടുക്കി കുമളിയിൽ കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് 66 മൈലിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും റോയിയുടെ ജീവൻ രക്ഷിക്കാനായില്ല.

കാറിനു തീ പിടിച്ചതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും കാറിൽ പരിശോധന നടത്തും. റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ സംഭവം നടന്നത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ വാഹനം നിർത്തി കാറിനടുത്തെത്തി ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാൻ ശ്രമിച്ചിരുന്നു. ഇതുവഴി വന്ന കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരൻ ചാടിയിറങ്ങി കാറിൻ്റെ ഗ്ലാസ് പൊട്ടിക്കാനും ശ്രമിച്ചു. ഇരുവ‍ർക്കും റോയിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരും പൊലീസും ചേർന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫയർ ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.