ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. മുംബൈ നേവിയുടെ യോർക്ക്യാർഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ ഞായറാഴ്ച വൈകുന്നേരമാണ് കപ്പലിന് തീപിടിച്ചത്. സംഭവത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഒരു വശത്തേക്ക് ചരിഞ്ഞ കപ്പലിന് തീപിടിത്തത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ശേഷിക്കുന്ന അപകട സാധ്യതകൾ വിലയിരുത്തുന്നതിനായി പരിശോധനകൾ ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കി. എല്ലാ പരിശ്രമങ്ങൾക്കുശേഷവും കപ്പലിനെ ശരിയായ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് നാവിക സേന പ്രസ്താവനയിൽ അറിയിച്ചു.
അപകടത്തെ തുടർന്ന് കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഇന്ത്യൻ നാവിക സേന അന്വേഷത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിർമിച്ച ബ്രഹ്മപുത്ര 2000 ഏപ്രിലിൽ ആണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്.