തിരുവനന്തപുരത്ത് വലിയ തിരക്കുകളുടെയും ആരവങ്ങളുടെയും ഭാഗമാകാതെ ഒരു ബീച്ച്

0
248

വലിയ തിരക്കുകളുടെയും ആരവങ്ങളുടെയും ഭാഗമാകാതെ എങ്ങനെ ഒരു അവധിക്കാലം ചെലവഴിക്കുമെന്ന് ചിന്തിക്കുന്നവർ ചുരുക്കം ചിലരെങ്കിലും ഉണ്ടാകും. അങ്ങനെയുള്ള ആളുകൾക്ക് പോകാനുള്ള നല്ലൊരു സ്ഥലം പരിചയപ്പെടാം. തിരുവനന്തപുരം നഗരത്തിൽ തന്നെ അധികം ദൂരം പോകാതെ തന്നെ എത്തിച്ചേരാനുള്ള ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായ വലിയ വേളി ബീച്ച് ഞങ്ങൾ നിങ്ങളെ പരിചയപ്പെടുത്താം.

മത്സ്യബന്ധന ഗ്രാമമായ വലിയ വേളിയുടെ ദൃശ്യഭംഗിക്കൊപ്പം കടലിൻ്റെ സൗന്ദര്യം കൂടിച്ചേരുന്നതോടെ അത് സമ്മാനിക്കുന്നത് അതിമനോഹരമായ ഒരു അനുഭവമാണ്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെ കുറവാണ്. സാധാരണ കടലിൽ എത്തുന്നവരുടെ തിരക്കും ആളും ആരവവും ബഹളവും ഒന്നും തന്നെ ഇവിടെയില്ല. അതിനാൽ തന്നെ അല്പം ഉൾവലിഞ്ഞു നിൽക്കുന്ന, എന്നാൽ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് ഈ സ്ഥലം ഉറപ്പായും ഇഷ്ടപ്പെടും.

അവധി ദിനങ്ങളിൽ വൈകുന്നേരം മാത്രമാണ് ഇവിടെ അല്പം എങ്കിലും തിരക്കുണ്ടാകുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആളുകളില്ലെങ്കിലും കടലിൻ്റെ മൊഞ്ചിന് കുറവൊന്നുമില്ല. ഇവിടത്തെ അന്തരീക്ഷം പോലെ തന്നെയാണ് കടലും, ശാന്തമായി നുരഞ്ഞു പതയുന്ന തിരമാലകൾ. ആളുകൾ കുറവായതു കൊണ്ടു തന്നെ ഇവിടെ അധിക സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. നിരത്തിൽ നിറയെ കടകളോ, ഭക്ഷണ വൈവിധ്യങ്ങളോ ഇല്ല. ഒരു ചെറിയ കടയും അവിടെ വിൽക്കുന്ന ചായയും എണ്ണ പലഹാരങ്ങളും മാത്രമാണ് വാങ്ങിക്കാൻ ആകുന്നത്. എന്നിരുന്നാലും തിരക്കും ബഹളവും ഒന്നും ഇഷ്ടമില്ലാത്തവർക്ക് ഇവിടത്തെ കാഴ്ചകൾ തീർച്ചയായും ഇഷ്ടപ്പെടും.