തിരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി; പുതിയ സ്ഥാനാർഥിയെ തിരഞ്ഞെടുക്കും

0
155

2024ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും യുഎസ് പ്രസിഡൻ്റുമായ ജോ ബൈഡൻ പിന്മാറി. ഞായറാഴ്ച വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടിയുടെയും രാജ്യത്തിൻ്റെയും താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും ബൈഡൻ വ്യക്തമാക്കി.

പിന്മാറ്റത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു. അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തിരഞ്ഞെടുക്കും. ബൈഡന്റെ ആരോ​ഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്നിരുന്നു. ഇതിന് പിന്നാലെ കൂടിയാണ് ബൈഡന്റെ തീരുമാനമെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം അദ്ദേഹം തള്ളിയിരുന്നു. എതിർ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപുമാ‌യുള്ള സംവാദത്തിൽ തിരിച്ചടിയേറ്റത് മുതൽ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നിരുന്നു.