ജമ്മു കാശ്മീരിൽ പിന്നെയും ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചയുണ്ടായ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് സൈന്യം പരിശോധന നടത്തി.
ജമ്മുവിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞദിവസം സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. വിവിധ സെക്ടറുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കുടുതൽ സൈന്യം വിന്യസിച്ചിരുന്നു.
ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. ഡോഡ ജില്ലയിലെ വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും സൈന്യവും സിആർപിഎഫും സംയുക്തമായി പരിശോധനകൾ നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്. ജമ്മു പൊലീസ്, സിആർപിഎഫ്, സൈന്യം എന്നിവയുടെ സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.