കേരളത്തിൽ മഴ കുറഞ്ഞേക്കും; വടക്കൻ കേരളത്തിൽ രണ്ടു ദിവസം കൂടി മഴ തുടരും

0
134

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം താത്കാലികമായി നിരോധിച്ചിരിക്കുന്നു. കേരള, തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതൽ കാസർഗോഡ് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ്‌ തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.