അങ്കോള ഉരുൾപൊട്ടൽ; ഇന്ന് റഡാറിൻ്റെ സഹായത്തോടെ അർജുന് വേണ്ടിയുള്ള തിരച്ചിൽ നടത്തും

0
155

കർണാടകയിലെ അങ്കോളയിലുണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിയതായി സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് ആരംഭിച്ചു. ഇന്ന് ജിപിഎസ് പോയിൻ്റ് അടിസ്ഥാനമാക്കി റഡാറിൻ്റെ സഹായത്തോടെ തിരച്ചിൽ നടത്തും. സംഭവസ്ഥലം കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമി ഇന്ന് സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാവിലെ 8.30ന് റഡാർ സംവിധാനം എത്തിക്കും. എസ്ഡിആർഎഫിൻ്റെ രണ്ട് ടീമുകൾ എത്തി തിരച്ചിൽ നടത്തുകയാണ്. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.

റഡാർ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുകൊണ്ട് നടത്തുന്ന തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് അർജുൻ ഓടിച്ചിരുന്ന വാഹനത്തിന്റെ ഉടമ മനാഫ് പറഞ്ഞു. ജിപിഎസ് പോയിന്റിൽ ഇന്ന് കൂടുതൽ തെരച്ചിൽ നടത്തുമെന്ന് ഉദ്യോ​ഗസ്ഥർ തന്നെ അറിയിച്ചെന്നും രക്ഷാപ്രവർ‌ത്തനം ഇപ്പോൾ ശക്തമായി നടക്കുന്നുണ്ടെന്നും മനാഫ് പറഞ്ഞു.

വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.