തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനിടയിലുണ്ടായ അപകടത്തെ തുടർന്നു മരിച്ച കൂലിത്തൊഴിലാളി ജോയിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ജോയിയുടെ കുടുംബത്തിന് തുക നൽകിയത്. ജോയിയുടെ കുടുംബത്തിന് താമസ സൗകര്യമുള്ള വീട് വെച്ച് നൽകാനും നഗരസഭ തീരുമാനിച്ചു. ജോയിയുടെ അമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ഇതിനിടെ എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് റെയിൽവേയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. ഈ ടണൽ റെയിൽവേയുടെ പരിധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണത്തിനിടെയാണ് ജോയ് മുങ്ങി മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ കാണാതായത്. 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ രണ്ട് ദിവസം മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്