ബംഗ്ലാദേശിൽ കലാപമായി മാറി വിദ്യാർത്ഥി പ്രതിഷേധം; 32 പേർ കൊല്ലപ്പെട്ടു

0
203

ബംഗ്ലാദേശിൽ കലാപമായി മാറിയ വിദ്യാർത്ഥി പ്രതിഷേധത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ ഔദ്യോഗിക ടിവി ചാനലിന് പ്രതിഷേധക്കാർ തീയിട്ടു. സമാധാനം നിലനിർത്താൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക ചാനലിലൂടെ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് ടിവി ചാനലിൻ്റെ ആസ്ഥാനം അഗ്നിക്കിരയാക്കിയത്. 1971ലെ ബംഗ്ലാദേശിൻ്റെ വിമോചനത്തിന് വഴിയൊരുക്കിയ യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം നൽകാനുള്ള തീരുമാനത്തിനെതിരെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്.

സർക്കാർ നിയമനത്തിനുള്ള മുൻ ചട്ടങ്ങൾ തിരികെ കൊണ്ടുവരണമെന്നാണ് സമരക്കാരുടെ ആവശ്യം. പൊലീസ് റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ച് പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചതോടെയായിരുന്നു ഇത്. ബംഗ്ലാദേശ് ടിവിയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കയറിയ പ്രക്ഷോഭകർ റിസപ്ഷനിലും പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്കും തീയിട്ടു. കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ ഉദ്യോഗസ്ഥർ ഇതിന് അകത്ത് കുടുങ്ങിപ്പോയി. ഇവരെ പിന്നീട് സുരക്ഷിതമായി പുറത്തെത്തിച്ചു.

മുൻ സൈനികരോടുള്ള ആദര സൂചകമായി പ്രഖ്യാപിച്ച സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഷെയ്ഖ് ഹസീന സർക്കാർ ഒരുക്കമല്ല. പ്രക്ഷോഭം തണുപ്പിക്കാനുള്ള തീവ്ര ശ്രമം മറുവശത്ത് കേന്ദ്രം തുടരുന്നുണ്ട്. രാജ്യത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെമ്പാടും മൊബൈൽ ഇൻ്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. എന്നാൽ തെരുവ് കൂടുതൽ കലാപ കലുഷിതമാവുകയാണ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്.

ധാക്ക സർവകലാശാലയിൽ ജൂലൈ 15 നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെതിരായ പൊലീസ് നടപടി അതിക്രൂരമായിരുന്നു. ലാത്തിച്ചാർജ്ജിലും മറ്റുമായി നൂറിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതോടെ സമരം വ്യാപിച്ചു. ധാക്കയ്ക്ക് പുറത്തുള്ള സവാറിലെ ജഹാംഗീർ നഗർ സർവകലാശാലയിലും പ്രതിഷേധം തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ ടിവി ചാനൽ വഴി സമാധാനാഹ്വാനം നടത്തിയപ്പോഴും സംവരണത്തെ അനുകൂലിച്ചതാണ് പ്രതിഷേധം വീണ്ടും ശക്തമാകാൻ കാരണം.