പത്തനംതിട്ട ജില്ലാ കളക്ടർക്ക് കുട്ടികളുടെ അശ്ലീലവും ആത്മഹത്യാ ഭീഷണി സന്ദേശവും

0
114

സ്‌കൂളുകൾക്ക് മഴ അവധി നൽകാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് കുട്ടികളുടെ അശ്ലീലവും ആത്മഹത്യാ ഭീഷണി സന്ദേശവും. 15 വയസ്സിന് താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങൾ അയക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിരവധി ഫോൺകോളുകളും ലഭിച്ചു. ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ച് വിഷയത്തിൽ ഉപദേശം നൽകി.

ഇന്ന് അവധി തന്നില്ലെങ്കിൽ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കളക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികൾ സന്ദേശമയക്കുന്നുണ്ടെന്നും കളക്ടർ പറയുന്നു. അവധി തരാത്ത കളക്ടർ രാജിവെക്കണമെന്നാണ് മറ്റൊരു കുട്ടിയുടെ മെസേജ്.

എന്നാൽ സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിലേക്ക് അസഭ്യമായ രീതിയിൽ സന്ദേശങ്ങൾ വരാൻ തുടങ്ങിയപ്പോഴാണ് കളക്ടർ ഇതിനെതിരെ പ്രതികരിച്ചത്. സൈബർ സെല്ലിൽ പരാതി നൽകിയപ്പോഴാണ് സന്ദേശമയച്ചതെല്ലാം ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസിലായത്. ഇതിലെ രണ്ടുമൂന്ന് സോഷ്യൽമീഡിയ ഐഡികൾ പരിശോധിച്ച് അവരുടെ രക്ഷിതാക്കളെയടക്കം വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി. അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ പരിശോധിച്ച് നൽകുമെന്ന് കളക്ടർ പ്രേം കൃഷ്ണൻ അറിയിച്ചു.