ബംഗ്ലാദേശിൽ ആഭ്യന്തര കലാപം, 64 പേര് മരണപ്പെട്ടെന്ന് റിപ്പോർട്ട്

0
418

സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാർ ധാക്കയിലെ ജയിലിന് തീയിട്ടതായും നൂറിലധികം തടവുകാരെ മോചിപ്പിച്ചതായും ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്ത് ഇതുവരെ 64 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ത്യക്കാരും നേപ്പാളികളുമടക്കം മുന്നൂറിലധികം പേർ ബംഗ്ലാദേശിൽ നിന്ന് മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട്.

രാജ്യത്ത് മൊബൈൽ ഇൻ്റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. ജയിലിന് തീയിട്ട വിവരം പൊലീസുകാരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുറഞ്ഞത് 64 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നും വിവരങ്ങളുണ്ട്. സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം. ആദ്യം ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ജൂലൈ ഒന്നിന് രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് സംവരണം ശരിവച്ചതിന് പിന്നാലെയാണ് സമരം തുടങ്ങിയത്. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിക്കുകയായിരുന്നു. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. എട്ട് ജില്ലകളിലേക്ക് ഇതിനോടകം പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ട്രെയിൻ സർവീസുകളെ പ്രക്ഷോഭം സാരമായി ബാധിച്ചു. ധാക്കയിലും മൈമൻസിങിലും ഖുൽനയിലും ഛത്തോഗ്രാമിലും പ്രതിഷേധക്കാർ റെയിൽ പാളങ്ങളിൽ തടസം സൃഷ്ടിച്ചിട്ടുണ്ട്.