ഇൻസ്റാഗ്രാമിലൂടെ ഭർത്താവിനെ മുത്തലാക്ക് ചൊല്ലി ദുബായ് രാജകുമാരി

0
274

പങ്കാളിയുമായി വേർപിരിഞ്ഞതായി ദുബായ് രാജകുമാരി. ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കാളിയുമായി വേർപിരിയുകയാണെന്ന് അവർ അറിയിച്ചത്. ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ബിൻദ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തൻ്റെ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്ന് വിവാഹമോചനം നേടിയതായി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.

‘പ്രിയപ്പെട്ട ഭർത്താവേ, നിങ്ങൾ മറ്റ് കൂട്ടാളികളുമായി തിരക്കിലായതിനാൽ, ഞങ്ങളുടെ വിവാഹമോചനം ഞാൻ ഇതിനാൽ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു- എന്ന് മുൻ ഭാര്യ ’ എന്നാണ് ഷെയ്ഖ മഹ്‌റ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ബന്ധം വേർപെടുത്തികൊണ്ടുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.

ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ബന്ധം വേർപിരിയുന്നത്. ദിവസങ്ങൾക്കു മുൻപേ മഹ്‌റ കുഞ്ഞിനൊത്തുള്ള ചിത്രം പങ്കുവെച്ച് ‘ഞങ്ങൾ രണ്ടു പേര്’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേർപിരിയൽ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റ്.

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി വാദിക്കുന്ന ഷെയ്ഖ മഹ്‌റ യുകെ സർവകലാശാലയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസിൽ ബിരുദവും നേടിയിട്ടുണ്ട്. ഇസ്ലാമിക നിയമമനുസരിച്ച്, തൽക്ഷണ വിവാഹമോചന രീതിയെ “തലാഖ്-ഇ-ബിദ്ദത്ത്” എന്ന് വിളിക്കുന്നു. ഭർത്താവ് ഒരേസമയം മൂന്നു പ്രാവശ്യം ‘തലാഖ്’ ചൊല്ലിയാൽ വിവാഹബന്ധം ഉടനടി തന്നെ വേർപിരിയുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായത്. യുഎഇ വൈസ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ദുബായ് ഭരണാധികാരിയുടെയും മകളാണ് ഷെയ്ഖ മഹ്‌റ.