എറണാകുളം ബൈപ്പാസ്, കൊല്ലം ചെങ്കോട്ട ദേശീയപാതകളുടെ വികസനത്തിന് സർക്കാർ പങ്കാളികളാകും

0
87

ദേശീയപാത വികസനത്തിന് വീണ്ടും സംസ്ഥാന സർക്കാർ പങ്കാളിത്തം. രണ്ട് ദേശീയ പാതകളുടെ വികസനത്തിനുള്ള ജിഎസ്ടി വികസനവും റോയൽറ്റിയും സംസ്ഥാനം ഒഴിവാക്കും. എറണാകുളം ബൈപ്പാസ്, കൊല്ലം ചെങ്കോട്ട പാതകളുടെ നിർമാണത്തിൽ സർക്കാർ പങ്കാളികളാകും. രണ്ട് റോഡുകളുടെയും നിർമാണത്തിന് സംസ്ഥാനത്തിന് 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകും.

44.7 കിലോ മീറ്റർ ദൈർഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും. എൻഎച്ച് 744 ൽ 61.62 കിലോ മീറ്ററിൽ കൊല്ലം – ചെങ്കോട്ട ഗ്രീൻഫീൽഡ് പാത നിർമാണമാണ് നടക്കുന്നത്. ഇതിന് ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുക വഴി 317.35 കോടി രൂപ സംസ്ഥാനം വഹിക്കേണ്ടി വരും.

സംസ്ഥാന സർക്കാരിന്റെ ഉത്തരവോടെ രണ്ടു ദേശീയ പാതാ നിർമാണത്തിനുള്ള തുടർപ്രവർത്തനങ്ങൾക്ക് വേഗം കൂടും. ദേശീയ പാത വികസനം സാധ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നേരത്തെ ദേശീയപാത – 66 ന്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഈ രണ്ട് ദേശീയപാതാ പ്രവൃത്തികളും മുന്നോട്ടു കൊണ്ടു പോകുമെന്ന് മന്ത്രി പറഞ്ഞു.