ഇടുക്കിയിൽ യാത്ര നിരോധനം പാലിക്കാത്ത സ്കൂൾ ബസ് പോലീസ് തടഞ്ഞു

0
94

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ ഗ്യാപ് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് മറികടന്ന സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ഡ്രൈവർക്ക് വിലക്ക് നൽകി. പ്രദേശത്ത് കർശന ജാഗ്രതാ നിരീക്ഷണം ഏർപ്പെടുത്താൻ ദേവികുളം സബ്കളക്ടർ പോലീസിന് നിർദ്ദേശം നൽകി.

ചിന്നക്കനാലിലെ സ്കൂളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരുമായി പോയ അൺ എയ്ഡഡ് സ്കൂളിൻ്റെ ബസ്സാണ് പൊലീസ് തടഞ്ഞത്. തുടർന്ന് കിലോമീറ്ററുകൾ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിട്ടു. ഗ്യാപ്പ് റോഡിൽ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.

എന്നാൽ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തതിനാലാണ് സ്കൂൾ പ്രവർത്തിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പലും അറിയിച്ചിട്ടുണ്ട്.