ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം കാമുകിക്കൊപ്പം സുഖജീവിതം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

0
184

ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം 45 ദിവസത്തോളം കാമുകിക്കൊപ്പം ഉല്ലാസ ജീവിതം നയിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. 32 കാരനായ ബോഡ പ്രവീൺ ആണ് അറസ്റ്റിലായത്. മേയ് 28നായിരുന്നു സംഭവം. കാമുകി സോണി ഫ്രാൻസിസിന്റെ ആവശ്യപ്രകാരമാണ് ബോഡ പ്രവീൺ ഭാര്യ കുമാരി (29), പെൺമക്കളായ കൃഷിക (5), കൃതിക (3) എന്നിവരെ കൊലപ്പെടുത്തിയത്. ആർക്കും സംശയം തോന്നാത്തവിധത്തിൽ കാര്‍ അപകടമാക്കി.

ഉയർന്ന അളവിൽ അനസ്തെറ്റിക് ഇഞ്ചക്ഷൻ നൽകിയാണ് പ്രവീൺ ഭാര്യയെ കൊലപ്പെടുത്തിയത്. കുത്തിവയ്പ്പെടുത്ത ഉടൻ തന്നെ കുമാരി മരിച്ചു. തുടർന്ന് മുൻ സീറ്റിലിരുന്ന രണ്ട് പെൺമക്കളെയും മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

സംഭവം നടന്ന് 48 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി പ്രവീണിനെ റിമാൻഡ് ചെയ്തു. പ്രവീൺ സാധാരണ പരിക്കുകളുമായി ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നുവെന്നും പിന്നീട് ഹൈദരാബാദിലേക്ക് മടങ്ങിയെന്നും ഖമ്മം രഘുനാഥപാലം പൊലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കൊണ്ടൽ റാവു പറഞ്ഞു.

‘‘കുമാരിയുടെ ശരീരത്തിൽ സൂചിയുടെ പാടുകൾ കണ്ടാണ് ആദ്യം സംശയം തോന്നിയത്. കുമാരിയുടെയും കുട്ടികളുടെയും ശരീരത്തിൽ മറ്റ് മുറിവുകളൊന്നും കണ്ടെത്തിയില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. അന്നുതന്നെ അന്വേഷണ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു. പ്രവീൺ പറഞ്ഞതുപോലെ വലിയ അപകടമായിരുന്നില്ല. കാർ മുഴുവൻ തിരഞ്ഞപ്പോൾ ഒരു സിറിഞ്ച് കണ്ടെത്തി. അത് ഒഴിഞ്ഞ നിലയിലായിരുന്നു. പക്ഷേ ഞങ്ങൾ അത് ഒരു തെളിവായി കണക്കാക്കി’’- കൊണ്ടൽ റാവു പറഞ്ഞു.

കൂടുതൽ അന്വേഷണത്തിനായി പൊലീസ് സിറിഞ്ച് ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. അതേസമയം പ്രവീണിന് യാതൊരു സംശയവും കൂടാതെയാണ് പൊലീസ് പെരുമാറിയത്. ഹൈദരാബാദിലെ അത്തപൂർ ഏരിയയിലെ ജർമൻടെൻ ഹോസ്പിറ്റലിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു പ്രതി.

താൻ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്‌സായ കാമുകി സോണി ഫ്രാൻസിസിനൊപ്പം പ്രത്യേക വാടക വീട്ടിലാണ് പ്രവീൺ താമസിച്ചിരുന്നതെന്നും കുമാരിയുടെ ബന്ധുക്കളുടെ വേദന പോലും അദ്ദേഹം കാര്യമാക്കിയില്ലെന്നും വൃത്തങ്ങൾ പറയുന്നു.

“ഏകദേശം 45 ദിവസമായി ഞങ്ങൾ വിളിക്കാതിരുന്നതിനാൽ പൂർണ്ണമായും സുരക്ഷിതനാണെന്ന് പ്രവീണിന് തോന്നി. ആദ്യം അപകട കേസായി രജിസ്റ്റർ ചെയ്തതിനാൽ താൻ പൊലീസ് അന്വേഷണത്തിൽ നിന്ന് പുറത്താണെന്ന ധാരണയിലായിരുന്നു പ്രവീണിന്റെ നീക്കം. സിറിഞ്ചിന്റെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചയുടൻ ഹൈദരാബാദിലെ അത്താപൂർ പ്രദേശത്ത് വെച്ച് അയാളെ അറസ്റ്റ് ചെയ്തു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ എല്ലാവിവരങ്ങളും പുറത്തുവന്നു’’- എസ്എച്ച്ഒ കൊണ്ടൽ റാവു പറഞ്ഞു.