മലപ്പുറത്ത് എച്ച്1എൻ1 ബാധിച്ച് ഒരാൾ മരിച്ചു

0
174

മലപ്പുറത്ത് എച്ച്1എൻ1 ബാധിച്ച് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിനിയാണ് മരിച്ചത്, 47 വയസ്സായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നേരത്തെ മലയോരത്ത് 12 ഓളം പേർ എച്ച് 1 എൻ 1 രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിരുന്നു. മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മലപ്പുറത്ത് രണ്ടു പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മേഖലയിൽ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

പൊന്നാനി നഗരസഭയിലെ അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നാല് പേരടങ്ങുന്ന പത്ത് സംഘങ്ങൾ വീടുകൾ സന്ദർശിച്ചു.

വാർഡിലെ 4, 5, 6, 7 വാർഡുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിട നശീകരണം, കൊതുക് നശീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. രാത്രിയിൽ കൊതുകുവലകൽ ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികൾ ഉപയോഗിക്കാനും വീടും പരിസരവും ശുചിയായിട്ടു സൂക്ഷിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.