ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെ ഇനി മദ്യവും വീട്ടിലെത്തും

0
99

ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം മാത്രമല്ല ഇനി മദ്യവും വീട്ടിലെത്തും. കേരളമുൾപ്പെടുന്ന ഏഴ് സംസ്ഥാനങ്ങളിൽ ഓൺലൈൻ മദ്യ വ്യാപാരം നടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകൾ ആയിരിക്കും മദ്യം വിതരണം ചെയ്യാൻ തയ്യാറെടുക്കുന്നതെന്നാണ് വ്യവസായ സ്രോതസ്സുകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആദ്യഘട്ടത്തിൽ ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും വിതരണം ചെയ്യുക. കേരളം, ഡൽഹി, കർണാടക, ഹരിയാണ, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ച് റിപ്പോർട്ട്. നിലവിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലും മദ്യം വീടുകളിലേക്ക് ഡെലിവറിക്ക് അനുമതിയുണ്ട്. സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് പശ്ചിമ ബംഗാളിൽ മദ്യം ഡെലിവറി ചെയ്യുന്നത്.

വൻ നഗരങ്ങളിൽ താമസിക്കുന്നവർ, ഭക്ഷണത്തോടൊപ്പം മിതമായ അളവിൽ മദ്യം കഴിക്കുന്നവരായതിനാൽ, പരമ്പരാഗത മദ്യശാലകളിൽ നിന്നും കടകളിൽ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവമായി കാണുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി. കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്‌ളാറ്റ്‌ഫോം കമ്പനികളുടെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിര്‍ണായകമാകുക.