പത്ത് എംഎൽഎമാർ ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്ക്; തെലങ്കാന ബിആർഎസിനുള്ളിൽ പ്രതിസന്ധി രൂക്ഷം

0
519

ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്കുള്ള എംഎൽഎമാരുടെ ഒഴുക്ക് തെലങ്കാനയിൽ തുടരുകയാണ്. പടന്‍ചേരു എംഎൽഎ ഗുഡെം മഹിപാൽ റെഡ്ഡി ഇന്നലെ ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേർന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരുന്ന പത്താമത്തെ എംഎൽഎയാണ് ഗുഡെം മഹിപാൽ റെഡ്ഡി. ഇതോടെ തെലങ്കാന ബിആർഎസിനുള്ളിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്.

തെലങ്കാന പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയാണ് മഹിപാലിനെ കോണ്‍ഗ്രസിലേക്ക് സ്വാദം ചെയ്തത്. ഗ്രേറ്റര്‍ ഹൈദരാബാദ് പരിധിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന അഞ്ചാമത്തെ ബിആര്‍എസ് എംഎല്‍എയാണ് മഹിപാല്‍ റെഡ്ഡി. അദ്ദേഹത്തിന് മുമ്പ് ബിആര്‍എസ് എംഎല്‍എമാരായ ദാനം നാഗേന്ദര്‍ (ഖൈരതാബാദ്), കാലെ യാദയ്യ (ചെവെല്ല), ടി. പ്രകാശ് ഗൗഡ് (രാജേന്ദ്രനഗര്‍), അരേക്കാപ്പുഡി ഗാന്ധി (സെരിലിംഗംപള്ളി) എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സാഹിറാബാദില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട ബിആര്‍എസ് നേതാവ് ഗാലി അനില്‍ കുമാറും എംഎല്‍എ മഹിപാലിനൊപ്പം ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ബിആര്‍എസിന്റെ 39 എംഎല്‍എമാരില്‍ 26 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിആര്‍എസിന്റെ പ്രതിപക്ഷപദവി എടുത്തുകളയാനും പാര്‍ട്ടി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റാനും നീക്കം നടക്കുകയാണ്.