കേദാർനാഥ് ക്ഷേത്രത്തിലെ 228 കിലോ സ്വർണം കാണാതായതായി സ്വാമി അവിമുക്തേശ്വരാനന്ദ്

0
147

കേദാർനാഥ് ക്ഷേത്രത്തിലെ 228 കിലോ സ്വർണം കാണാതായതായി ജ്യോതിർമഠ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ്. സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന് ശങ്കരാചാര്യ ആരോപിക്കുന്നു. ഡൽഹിയിലെ കേദാർനാഥ് ക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതിയും വിമർശനത്തിന് വിധേയമായിട്ടുണ്ട്. അഴിമതിക്കുള്ള മറ്റൊരു നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

12 ജ്യോതിര്‍ലിംഗങ്ങളുടെ പേരും സ്ഥലവും സഹിതം ശിവപുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലായിരിക്കുമ്പോള്‍ അത് ഡല്‍ഹിയില്‍ എങ്ങനെ സ്ഥാപിക്കുമെന്നും സ്വാമി അവിമുക്തേശ്വരാനന്ദ് ചോദിച്ചു. ഇത്രയധികം സ്വര്‍ണം നഷ്ടമായിട്ടും അന്വേഷണം നടത്താതെ ക്ഷേത്രം പണിയാനൊരുങ്ങുന്നത് മറ്റൊരു അഴിമതിയ്ക്കുള്ള നീക്കമായി മാത്രമേ തനിക്ക് കാണാനാകൂ എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം കേദാര്‍നാഥ് ക്ഷേത്രത്തിലെ സ്വര്‍ണം പൂശിയതില്‍ 125 കോടി രൂപയുടെ അഴിമതി നടന്നതായി കേദാര്‍നാഥ് ക്ഷേത്രത്തിലെ ഒരു മുതിര്‍ന്ന പുരോഹിതന്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു. സ്വര്‍ണത്തിന് പകരം പിച്ചളയാണ് പൂശിയതെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന് പിന്നാലെയാണ് ശങ്കരാചാര്യരുടെ വിമര്‍ശനവുമെത്തുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ബുധനാഴ്ച ഡല്‍ഹിയിലെ ബുരാരിക്ക് സമീപമുള്ള ഹിരാങ്കി പരിസരത്ത് പുതിയ കേദാര്‍നാഥ് ക്ഷേത്രത്തിന് തറക്കല്ലിട്ട ഭൂമി പൂജയില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശങ്കരാചാര്യരുടെ ആരോപണങ്ങള്‍.