ശക്തമായ മഴയെ തുടർന്ന് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
130

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആലപ്പുഴയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

വയനാട്ടിലെ എം.ആർ.എസ് സ്കൂളുകൾക്ക് നാളെത്തെ അവധി ബാധകമല്ല. ഇടുക്കിയിലെ പൂർണ്ണമായും താമസ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.