ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് തുടരും. നേവി മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ രാവിലെ തിരച്ചിൽ ആരംഭിക്കും. നേവി ടീമിനൊപ്പം സ്കൂബ ടീമും തിരച്ചിൽ നടത്തും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമായിരിക്കും ഇന്നത്തെ ദൗത്യം ആരംഭിക്കുക.
രക്ഷാപ്രവർത്തനത്തിനായി ഇന്നലെ രാത്രി നാവികസേന സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ സോണാർ ഉപയോഗിച്ചുള്ള പരിശോധന നേവി ആരംഭിക്കും. തോട്ടിലെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷമാകും മറ്റു പരിശോധനകളിലേക്ക് കടക്കുക. ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘവും രാവിലെ തന്നെ പരിശോധന തുടങ്ങും.
ഇന്നലെ റെയിൽവേ സ്റ്റേഷനിലെ മാൻ ഹോളുകൾ ഫ്ലഷ് ചെയ്ത് ടണലിലെ മാലിന്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇന്ന് മൈനർ ഇറിഗേഷൻ വിഭാഗം തോട്ടിൽ തടയണ കെട്ടി വെള്ളം ശക്തിയായി കടത്തിവിട്ട് മാലിന്യം പുറത്തേക്ക് തള്ളാൻ ശ്രമം നടത്തും. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷനും ദക്ഷിണ റെയിൽവേയും തമ്മിലുള്ള പോര് തുടരുകയാണ്.