ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി കഴിഞ്ഞ ഏപ്രിലിൽ നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ പുരാവസ്തുക്കൾ തിരികെ എത്തിക്കാൻ ധാരണയായിരുന്നുവെന്നാണ് വിവരം. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടത്തിയ 181 ഓളം പുരാവസ്തുക്കൾ തിരികെ എത്തിച്ചതായി ഇറാഖ് സാംസ്കാരിക, ടൂറിസം, പുരാവസ്തു മന്ത്രാലയം അറിയിച്ചു.
അമേരിക്കയെക്കൂടാതെ വിവിധ കാലഘട്ടങ്ങളിൽ ജോർദാൻ, നോർവേ, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ട് പോയ പുരാവസ്തുക്കളും തിരികെ എത്തിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തിരികെ എത്തിച്ച വസ്തുക്കളിൽ ഒരു വെങ്കല പ്രതിമയും പുരാതന അസ്ഥികൂടങ്ങൾ അടങ്ങിയ എട്ടോളം പെട്ടികളും ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൂടുതൽ കൈയേറ്റം തടയുകയുകയും ഇറാഖിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയുമാന് ഈ നടപടികളുടെ ലക്ഷ്യമെന്ന് മന്ത്രാലയം പറഞ്ഞു. 2003 ലെ അമേരിക്കൻ അധിനിവേശത്തെത്തുടർന്ന് ഇറാഖിലെ വലിയൊരു ശതമാനം പുരാവസ്തുക്കളും, പുരാവസ്തു കേന്ദ്രങ്ങളും കൊള്ളയടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരുന്നു. ഈ പുരാവസ്തുക്കൾ 1990 കളിൽ നിനെവേ പ്രവിശ്യയിലെ നിമ്രൂദ് പുരാവസ്തു കേന്ദ്രത്തിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് കടത്തിയതാണെന്നാണ് റിപ്പോർട്ട്.