K.F.C ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി മഗ്നീഷ്യം സിലിക്കേറ്റ്- സിന്തറ്റിക്

0
143

തമിഴ് നാട്ടിലെ തൂത്തുക്കുടിയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഈ പുതിയ കണ്ടെത്തൽ. ഔട്ട്‌ലെറ്റിൽ പഴകിയ എണ്ണ ശുദ്ധീകരിക്കുന്നതിനായി മഗ്നീഷ്യം സിലിക്കേറ്റ്- സിന്തറ്റിക് എന്ന രാസവസ്തു ചേർക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് തൂത്തുക്കുടിയിലുള്ള കെഎഫ്‌സി ഔട്ട്‌ലെറ്റിന്റെ ലൈസൻസ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) റദ്ദാക്കി. വ്യാഴാഴ്ച പ്രസ്തുത ഔട്ട്ലെറ്റിൽ നിന്ന് രാസവസ്തു പിടിച്ചെടുത്തെന്ന് ചൂണ്ടിക്കാട്ടി കെഎഫ്സി ഇന്ത്യയ്ക്ക് സമൻസും അയച്ചിട്ടുണ്ട്.

കെഎഫ്‌സി ഇന്ത്യ മികച്ച രീതികളും അന്താരാഷ്ട്ര നിലവാരവും പിന്തുടരാൻ പ്രതിജ്ഞാബദ്ധമാണ്. ഗുണനിലവാരമുള്ള എണ്ണയും മറ്റ് സാധനങ്ങളും അംഗീകൃത വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നത്. കൂടാതെ FSSAI-യും മറ്റ് അധികാരികളും നിശ്ചയിച്ചിട്ടുള്ള ബാധകമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുകയും ചെയ്യുന്നുണ്ട്. മഗ്നീഷ്യം സിലിക്കേറ്റ് ഒരു ക്ലാരിഫൈയിംഗ് ഏജൻ്റായി ഉപയോഗിക്കാമെന്ന് എഫ്എസ്എസ്എഐ അംഗീകരിച്ചിട്ടുണ്ട്. അതിനാൽ ഇത്തരത്തിൽ പാചകം ചെയ്ത കെഎഫ്‌സി ചിക്കൻ കഴിക്കുന്നത് പൂർണ്ണമായും സുരക്ഷിതമാണ്” കെഎഫ്‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അംഗീകൃത ബയോഡീസൽ ഡീലർമാർക്ക് ഇത്തരത്തിൽ ഉപയോഗിച്ചതിനുശേഷമുള്ള എണ്ണ ലഭിക്കുന്നതിന്റെ അളവ് കുറഞ്ഞ പശ്ചാത്തലത്തിലാണ് ഒരു മിന്നൽ പരിശോധന നടത്തിയതെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. മാരിയപ്പൻ പറഞ്ഞു. ഏകദേശം 1,350-1,500 ലിറ്റർ വരെ ശുദ്ധീകരിച്ച ഭക്ഷ്യയോഗ്യമായ സസ്യ എണ്ണ ഉപയോഗിച്ചിട്ടും കെഎഫ്‌സി റെസ്റ്റോറൻ്റ് പ്രതിമാസം 100 ലിറ്റർ എണ്ണ മാത്രമാണ് ഇവർക്ക് തിരികെ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്എസ്എസ്എഐ മാനദണ്ഡങ്ങൾ പ്രകാരം റെസ്റ്റോറന്റുകളിൽ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ല. ഇത് കണ്ടെത്താനായി ഉദ്യോഗസ്ഥർ ഔട്ട്ലെറ്റിൽ മൊത്തം ഉപയോഗിക്കുന്ന എണ്ണയുടെ അളവ് പരിശോധിക്കുകയായിരുന്നു.

തിരുപ്പൂരിലെ കെഎഫ്‌സി മെറ്റീരിയൽ ഗോഡൗൺ പ്രതിനിധി, കെഎഫ്‌സി ലൈസൻസി, മുംബൈയിലെ കെഎഫ്‌സി ആസ്ഥാനത്തെ നോമിനി എന്നിവരോട് എഫ്എസ്എസ്എഐയുടെ നിയുക്ത ഓഫീസർ മുമ്പാകെ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.