സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ

0
68

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂനമർദ്ദത്തിൻ്റെ സ്വാധീനവും മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയുടേയും സ്വാധീനവും മൂലം മഴ ശക്തമാകും.

മുന്നറിയിപ്പിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും 9 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നുണ്ടു. ഇതിന്റെ ഫലമായി ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 13 മുതൽ 17 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.