കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിൻ്റെ ബ്രാൻഡ് അംബാസഡറായി സൂപ്പർ സ്റ്റാർ മോഹൻലാൽ. ‘വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ കെസിഎല്ലിൻ്റെ ഭാഗമാകുന്നത്. കേരള ക്രിക്കറ്റിൽ നിരവധി പ്രതിഭകളുണ്ട്. അവർക്ക് ദേശീയ ശ്രദ്ധ നേടാനും അതുവഴി മികച്ച അവസരങ്ങൾ നേടാനുമുള്ളോരു വഴിയും കൂടിയാണ് ലീഗിയിലൂടെ ഒരുങ്ങുന്നതെന്നു മോഹൻ ലാൽ വ്യക്തമാക്കി.
സിനിമാ സംഘടനയുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള ടീമിന്റെ നായകനുമായിരുന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറാകുന്നതോടെ ക്രിക്കറ്റ് ലീഗിന് കൂടുതൽ പ്രചാരം കിട്ടുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്.
ഐപിഎൽ മാതൃകയിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട ആറ് ടീമുകൾ അണിനിരക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ സെപ്റ്റംബർ രണ്ടുമുതൽ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. പകലും രാത്രിയും രണ്ട് മത്സരങ്ങളായിരിക്കും.