ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0
213

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോർഡ്‌സിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഈ ആഴ്ച നടക്കുന്ന ടെസ്റ്റ് തൻ്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് ആയിരിക്കുമെന്ന് ഇംഗ്ലണ്ട് ടീം മാനേജ്‌മെൻ്റും ടീം ക്യാപ്റ്റനും വിവരങ്ങൾ വ്യക്തമാക്കി. ഇക്കാര്യം ആൻഡേഴ്സണും വെളിപ്പെടുത്തിയിട്ടുണ്ട്. 21 വര്‍ഷം മുമ്പ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിന്‍ഡീസിലെ മൈതാനത്ത് തന്നെ ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണ്. ഇത് തന്നെ സംബന്ധിച്ചിടത്തോളം കുറച്ചു ദിവസമെങ്കിലും ഏറെ വൈകാരികമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച സ്വിംഗ് ബൗളര്‍മാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ 2002-ല്‍ ഇംഗ്ലണ്ടില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 2007 അവസാനം വരെ അഞ്ച് വര്‍ഷത്തിനിടയില്‍ ഇംഗ്ലീഷ് ടീമിന് അകത്തും പുറത്തുമായി തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. 2003-ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഒരു മാച്ചിലാണ് ആന്‍ഡേഴ്‌സണ്‍ വരവറിയിക്കുന്നത്. എന്നാല്‍ അതേ ഫോം നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ അദ്ദേഹം ടീമില്‍ നിന്ന് പുറത്തായി.

2010-ലെ ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ബൗളിങ് നിരയെ നയിച്ചത് ആന്‍ഡേഴ്‌സണ്‍ ആയിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കുകയും 24 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2006-ലെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ അഞ്ച് വിക്കറ്റ് മാത്രം വീഴ്ത്തിയതിന്റെ പേരില്‍ ഉണ്ടായ പഴി ഇതോടെ ഇല്ലാതാക്കാനും കഴിഞ്ഞു. 54 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഡക്ക് ഒഴിവാക്കിയെന്നത് ഇദ്ദേഹത്തിന്റെ പേരിലുള്ള ലോക റെക്കോര്‍ഡാണ്. 2013 ജൂണില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ തന്റെ 235-ാം വിക്കറ്റ് വീഴ്ത്തി ഡാരന്‍ ഗഫിനെ മറികടന്ന ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ഏകദിന വിക്കറ്റ് വേട്ടക്കാരനായി. 2013 ഓഗസ്റ്റില്‍ ഓവലില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ 326-ാം വിക്കറ്റ് നേടിയപ്പോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറായി.

2013-14 ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് തങ്ങളുടെ കുന്തമുനയായ ആന്‍ഡേഴ്‌സണില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തി. നിര്‍ഭാഗ്യവശാല്‍ ഇദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഇംഗ്ലണ്ടിന് 5-0 ന് പരമ്പര നഷ്ടമായി. എന്നാല്‍ 2014-ല്‍ ശ്രീലങ്കയ്ക്കെതിരെയും ഇന്ത്യയ്ക്കെതിരെയും നടന്ന മത്സരങ്ങളില്‍ ആന്‍ഡേഴ്സണ്‍ മികച്ച ഫോമില്‍ അദ്ദേഹം മൈതാനത്ത് തിരിച്ചെത്തുന്ന കാഴ്ച്ച കണ്ടു. അന്ന് ഇംഗ്ലണ്ടിന്റെ മാന്‍ ഓഫ് ദ സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോര്‍ഡ്സില്‍ ഗ്രീന്‍-ടോപ്പ് വിക്കറ്റ് മുതലാക്കാത്തതിന് വിമര്‍ശിക്കപ്പെട്ടെങ്കിലും ഇന്ത്യക്കെതിരെ അദ്ദേഹം തന്റെ മികച്ച ഫോം തുടര്‍ന്നു. ഇംഗ്ലണ്ട് തോറ്റ ഒരു മത്സരം അടുത്ത മൂന്ന് ഗെയിമുകളില്‍ അദ്ദേഹം നന്നായി മടങ്ങിയെത്തി. പരമ്പര 3-1 ന് സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ചു. 25 വിക്കറ്റ് വീഴ്ത്തിയ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ അദ്ദേഹം മറ്റൊരു മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും നേടി.

ശ്രീലങ്കന്‍ പര്യടനത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് ആന്‍ഡേഴ്‌സണെ ഒഴിവാക്കിയത്. 2017 സെപ്തംബര്‍ 8-ന്, ആന്‍ഡേഴ്‌സണ്‍ 500 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യത്തെ ഇംഗ്ലണ്ട് (മൊത്തം ആറാമത്തെ) ബൗളറായി. ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത്വെയ്റ്റ് തന്റെ 500-ാം വിക്കറ്റിന്റെ ഇരയായി. മികച്ച ഫീല്‍ഡര്‍ കൂടിയായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്റെ ഹെയര്‍ സ്റ്റൈലിലും വസ്ത്ര ധാരണത്തിലും ഉള്ള പ്രത്യേകതകള്‍ കാരണം ഇംഗ്ലണ്ടിന്റെ ദേശീയ ഫുട്‌ബോള്‍ താരമായ ഡേവിഡ് ബെകാമിനോട് ഉപമിക്കപ്പെട്ടിട്ടുണ്ട്. 2010 സെപ്തംബറിൽ, ബ്രിട്ടനിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്വവർഗ്ഗാനുരാഗ മാസികയായ ആറ്റിറ്റിയൂഡിൻ്റെ നഗ്നചിത്രം അവതരിപ്പിച്ച ആദ്യ ക്രിക്കറ്റ് കളിക്കാരനായി ആൻഡേഴ്സൺ മാറി. ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടു.