സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ഐഎഎസ് ട്രെയിനി

0
112

സിവിൽ സർവീസ് പരീക്ഷ പാസാക്കാൻ വ്യാജ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ കേന്ദ്ര സർക്കാർ ഏകാംഗ സമിതി അന്വേഷണം പ്രഖ്യാപിച്ചു. അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അധ്യക്ഷനായ ഏകാംഗ സമിതിയെ അന്വേഷണ ചുമതല ഏൽപ്പിച്ചതായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണ സമിതി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പൂജ ഖേദ്കറിനെതിരെ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയുടെ ഓഫീസും മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ (എൽബിഎസ്എൻഎഎ) ഡയറക്ടറുടെ ഓഫീസും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ട്രെയിനിങ് സമയത്ത് പൂജയ്‌ക്കെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൂനെ ജില്ലാ കളക്ടർ സുഹാസ് ദിവാസെ നൽകിയ റിപ്പോർട്ടിന്മേലാണ് അന്വേഷണം നടത്തുന്നതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യാജ രേഖകൾ സമർപ്പിക്കുന്ന സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടാറുള്ളതായി പേർസണൽ ആൻഡ് ട്രെയിങ് ഡിപ്പാർട്മെന്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ നിലവിൽ കേസ് പേർസണൽ ആൻഡ് ട്രെയിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിൽ അല്ലെന്നും എൽബിഎസ്എൻഎഎയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നതെന്നും അന്വേഷണം പൂർത്തിയായ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് വിശദാംശങ്ങൾ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിനിങ് സമയത്ത് പാലിക്കേണ്ട നിയമങ്ങളിലോ പെരുമാറ്റത്തിലോ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയാൽ പ്രോട്ടോകോൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് എൽബിഎസ്എൻഎഎ വക്താവ് പറഞ്ഞു.

നിലവിൽ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന പൂജ ഖേദ്കറിന്റെ പിതാവായ ദിലീപ് ഖേദ്കർ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയാണ്. കൂടാതെ തിരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാർഥിയായി മത്സരിച്ച ദിലീപ്, തന്റെയും ഭാര്യയുടെയും പേരിൽ 29 ഓളം കൃഷി ഭൂമികളും, ഏഴ് വാണിജ്യ കെട്ടിടങ്ങളും, ഏഴ് ഫ്ലാറ്റുകളും, 10 കെട്ടിടങ്ങളും ഉൾപ്പെടെ 40 കോടിയുടെ സ്വത്ത് ഉള്ളതായി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

രേഖകൾ വ്യാജമാണെന്നുള്ളത് പൂജയുടെ സാമ്പത്തിക പശ്ചാത്തലം നോക്കുമ്പോൾ തന്നെ മനസ്സിലാകുമെന്നും ഐഎഎസിൽ ഇടം നേടാൻ വേണ്ടി കെട്ടിച്ചമച്ച രേഖകളാണ് അവയെന്നും മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖർ പറഞ്ഞു. ഒപ്പം ട്രെയിനിങിന്റെ ഭാഗമായുള്ള എയിംസിന്റെ വൈദ്യ പരിശോധന തടയാൻ പൂജയ്ക്ക് എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) നൽകിയ കേസിലുൾപ്പെടെ പൂജ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. യു.പി.എസ്.സി പോലുള്ള സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.