കറുപ്പ് നിറം കാരണം ഭാര്യ ഉപേക്ഷിച്ചുപോയെന്നു യുവാവിൻ്റെ പരാതി

0
124

തന്റെ കറുപ്പ് നിറം കാരണം ഭാര്യ ഉപേക്ഷിച്ചുപോയെന്നാണ് യുവാവിൻ്റെ പരാതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. 24 കാരനായ യുവാവാണ് ഭാര്യയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാൽ സംഭവത്തിൽ കേസെടുക്കാതെ പൊലീസ് ഇരുവരെയും കൗൺസിലിങ്ങിന് വിളിപ്പിച്ചു.

ഗ്വാളിയോർ നഗരത്തിലെ വിക്കി ഫാക്ടറി ഏരിയയിലെ താമസക്കാരനാണ് പരാതിക്കാരനായ യുവാവ്. 14 മാസം മുൻപായിരുന്നു ഇയാളുടെ വിവാഹം. എന്നാൽ തൻ്റെ നിറം കറുപ്പായതിനാൽ ഭാര്യ വിവാഹം കഴിഞ്ഞയുടൻ ശല്യപ്പെടുത്താൻ തുടങ്ങിയെന്ന് അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഒരു മാസം മുൻപ് ദമ്പതികൾക്ക് കുഞ്ഞുണ്ടായി. പ്രസവം കഴിഞ്ഞ് പത്താം ദിവസം യുവതി മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് തൻ്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാനായി പോയി. ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാനായി യുവാവ് ഈ വീട്ടിലേക്ക് പോയെങ്കിലും അവർ തൻ്റെ കറുത്ത നിറത്തെ ചൊല്ലി വരാൻ തയ്യാറായില്ലെന്നാണ് പരാതി.

തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയും ഭർത്താവിനെതിരെ പീഡന പരാതി നൽകുകയും ചെയ്തു. സംഭവം പോലീസ് അന്വേഷിച്ചപ്പോൾ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേക്ക് പോയതായി വ്യക്തമായി. ഇതോടെ യുവതിക്കെതിരെ ഭർത്താവും പോലീസിൽ പരാതി നൽകി. ഇരുവരെയും നാളെ കൗൺസിലിങ്ങിന് ഹാജരാകാൻ പൊലീസ് വിളിച്ചിട്ടുണ്ട്.