കോപ്പ അമേരിക്ക ടൂർണമെൻ്റിൻ്റെ രണ്ടാം സെമിയിൽ ഉറുഗ്വേയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ ഫൈനലിൽ. അവസാനനിമിഷം വരെ പത്തുപേരുമായി പൊരുതിക്കളിച്ചാണ് കൊളംബിയ വിജയം കാത്തത്. ആവേശകരമായ മത്സരത്തിൽ കൊളംബിയയുടെ ഡാനിയൽ മുനോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഉറുഗ്വായ് കളിയിൽ ആധിപത്യം പുലർത്തി. ആദ്യ പകുതിയുടെ 39-ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗസിൻ്റെ കോർണർ സെർജിയോ റോഷെ മറികടന്ന് ജെഫേഴ്സൺ ലെർമ വിജയ ഗോൾ നേടി. ടൂർണമെൻ്റിലെ മികച്ച പ്രകടനത്തിന് റോഡ്രിഗസിൻ്റെ ആറാമത്തെ അസിസ്റ്റായിരുന്നു ഇത്. ജൂലൈ 15ന് രാവിലെ നടക്കുന്ന ഫൈനലിൽ കൊളംബിയ അർജൻ്റീനയെ നേരിടും.
ലീഡ് എടുത്തെങ്കിലും വലിയ നഷ്ടത്തോടെയാണ് കൊളംബിയക്ക് ആദ്യപകുതി അവസാനിപ്പിക്കാനായത്. ആദ്യ പകുതിയുടെ അധിക മിനിറ്റില്‍ ഉറൂഗ്വായ് താരത്തെ മുട്ടുകൈ വെച്ച് വയറില്‍ ഇടച്ചെന്ന കുറ്റത്തിന് ഡാനിയല്‍ മുനോസിന് റഫറി റെഡ് കാര്‍ഡ് നല്‍കി. യുറഗ്വായ് താരം ഉഗാര്‍ട്ടയുടെ നെഞ്ചിലാണ് പ്രകോപനമൊന്നുമില്ലാതെ തന്നെ മുനോസ് കൈമുട്ട് കൊണ്ട് ഇടിച്ചത്. നേരത്തെ 31-ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ചെയ്തതിന് ആദ്യ മഞ്ഞക്കാര്‍ഡ് മുനോസ് വാങ്ങിയിരുന്നു.
പത്തുപേരുമായി രണ്ടാംപകുതി ആരംഭിച്ച കൊളംബിയ യുറൂഗ്വായുടെ മുന്നേറ്റങ്ങള്‍ തടയാന്‍ നന്നേ പാടുപ്പെട്ടു. ഒരു കളിക്കാരന്റെ കുറവ് കൊളംബിയന്‍ സൈഡില്‍ പ്രകടമായിരുന്നു. ആദ്യപകുതിയെ അപേക്ഷിച്ച് സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ നിര്‍ത്തി കൂടുതല്‍ സമയവും തങ്ങളുടെ പകുതിയിലാണ് താരങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ കൊളംബിയന്‍ സൈഡിലെ ഒരാളുടെ കുറവ് യുറൂഗ്വായ് നന്നായി മുതലെടുത്തു. കൂടുതല്‍ സമയം പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കൊളംബിയന്‍ സംഘം കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഗോളെന്നുറപ്പിച്ചുള്ള മുന്നേറ്റങ്ങള്‍ നടത്തി. 66-ാം മിനിറ്റിലാണ് യുറൂഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസ് കളത്തിലെത്തിയത്. ഇതോടെ യുറൂഗ്വയ് കൂടുതല്‍ ഉണര്‍ന്നു. സുവാരസിന് ഒരുപിടി മികച്ച ഗോള്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.
കൊളംബിയന്‍ മുന്നേറ്റത്തോടെയായിരുന്നു രണ്ടാംസെമി ഫൈനല്‍ മാച്ച് തുടങ്ങിയത്. ചെറുപാസുകളിലൂടെ മുന്നേറിയ അവര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യ പകുതിയില്‍ കൂടുതല്‍ സമയവും കൊളംബിയയാണ് പന്ത് കൈവശം വെച്ചത്.