ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് പോകില്ലെന്ന് റിപ്പോർട്ട്

0
239

ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് പോകില്ലെന്നാണ് റിപ്പോർട്ട്. ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതില്ലെന്നാണ് ബിസിസിഐയുടെ തീരുമാനം. മത്സരം ദുബൈയിലോ ശ്രീലങ്കയിലോ വെച്ച് നടത്തണമെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ഏഷ്യാ കപ്പിൻറെ മാതൃകയിൽ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. എന്നാൽ ബിസിസിഐയുടെ എതിർപ്പിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താമെന്ന് പാക് ക്രിക്കറ്റ് ബോർഡ് നിർദേശം മുന്നോട്ടുവെച്ചിരുന്നു. സുരക്ഷ മുൻ നിർത്തിയായിരുന്നു പാക് ക്രിക്കറ്റ് ബോർഡ് ഇത്തരമൊരു നിർദേശം നൽകിയത്. ഇതിനോടും ബിസിസിഐ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.

അടുത്ത വർഷം ഫെബ്രുവരിയിൽ പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കും. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന ടൂർണമെൻ്റിൻ്റെ ഷെഡ്യൂൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് കൈമാറി. ഇതനുസരിച്ച് മാർച്ച് ഒന്നിന് ലാഹോറിൽ ഇന്ത്യ-പാക് മത്സരം നടക്കാനിരിക്കുകയാണ്.2008 മുതൽ ഇന്ത്യ പാകിസ്ഥാൻ പര്യടനം നടത്തിയിട്ടില്ല.രാഷ്ട്രീയ കാരണങ്ങളാലാണ് ബിസിസിഐ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.