സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് ചികിത്സ തേടിയത് 13600 പേർ

0
111

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു. ഇന്ന് 13600 പേർ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതരുള്ളത്. 2537 പേർ പനിക്ക് ചികിത്സ തേടി. ഇന്ന് മൂന്ന് പേർ പനി ബാധിച്ച് മരിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി പ്രതിദിനം രോഗബാധിതരുടെ എണ്ണം ആയിരം കടന്നു.

സംസ്ഥാനത്ത് 164 പേർക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേർക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതർ കൂടുതൽ കൊല്ലം ജില്ലയിലാണ്. 52 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേർക്ക് H1N1 , 24 പേർക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങൾ പനി മൂലവും ഒരാൾ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 25 കാരനാണ് കോളറ സ്ഥിരീകരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയാണ്. ഇതോടെ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ഇന്നലെ 13,756 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മലപ്പുറം 2545 പേർ പനി മൂലം ചികിത്സ തേടി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 4 മരണങ്ങൾ കൂടി പനിമൂലമെന്ന് സ്ഥിരീകരിച്ചു. ഡെങ്കി, മഞ്ഞപ്പിത്തം എച്ച് 1 എൻ 1 എന്നിവ മൂലമാണ് മരണം.