വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം ലഭിക്കാൻ ക്രിമിനൽ നടപടി ചട്ടപ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതി

0
85

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശം ലഭിക്കാൻ ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് സുപ്രീം കോടതി. 1986ലെ മുസ്ലീം സ്ത്രീകളുടെ വിവാഹമോചന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ജീവനാംശം നിശ്ചയിക്കണമെന്ന വാദം സുപ്രീം കോടതി തള്ളി. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും വിധിപ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബിവി നാഗരത്‌ന പറഞ്ഞു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. തെലങ്കാന ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സമദിന്റെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നല്‍കാനായിരുന്നു തെലങ്കാന ഹൈക്കോടതി ഉത്തരവ്.

2017-ലാണ് മുഹമ്മദ് അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹമോചിതരായത്. വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹമോചിതരായതിനാല്‍ മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986-ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം വിവാഹമോചനം നല്‍കേണ്ടതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍, ഈ വാദം സുപ്രീം കോടതി തള്ളി.

പ്രസിദ്ധമായ ഷാ ബാനോ കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിനിയമത്തിക്കാള്‍ ഈ മതേതര നിയമാണ് നിലനില്‍ക്കുകയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിവാഹിതയായ വനിതകള്‍ക്ക് മാത്രമല്ല, എല്ലാ വനിതകള്‍ക്കും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികാരമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ് പുലര്‍ത്തിയത്.