ഐആർഎസിലെ മുതിർന്ന ഉദ്യോഗസ്ഥയ്ക്ക് പേരും ലിംഗവും മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി

0
91

ഐആർഎസിലെ മുതിർന്ന ഉദ്യോഗസ്ഥയ്ക്ക് പേരും ലിംഗവും മാറ്റാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുമതി ലഭിക്കുന്നത്. മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥയായ എം അനസൂയയുടെ അപേക്ഷ കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. തൻ്റെ പേര് എം അനുകതിർ സൂര്യ എന്നും ലിംഗഭേദം സ്ത്രീയിൽ നിന്ന് പുരുഷനെന്നും മാറ്റാൻ സർക്കാർ അനുമതി തേടി ഉദ്യോഗസ്ഥൻ ധനമന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു.

മന്ത്രാലയത്തിന്റെ ഉത്തരവിനെ ‘‘പുരോഗമനപരം’’ എന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥ തീരുമാനം ഇന്ത്യയിലെ ലിംഗ വൈവിധ്യത്തോടുള്ള മനോഭാവത്തിലെ നല്ല മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതായി പറഞ്ഞു. ലിംഗഭേദം ഉള്‍ക്കൊള്ളുന്നതിനും സര്‍ക്കാര്‍ നിയമനങ്ങളില്‍ അംഗീകാരം ലഭിക്കുന്നതിനും ഇത് ചരിത്രപരമായ ഒരു മാതൃക സൃഷ്ടിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഹൈദരാബാദിലെ സിഇഎസ്ടിഎടിയില്‍ ജോയിന്റ് കമ്മിഷണറായി നിയമിതയായ എം അനസൂയ, ഐആര്‍എസ് എന്നവരുടെ പേര് എം അനുകതിര്‍ സൂര്യയായും ലിംഗം സ്ത്രീയില്‍ നിന്ന് പുരുഷനായും മാറ്റുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ജൂലൈ ഒന്‍പതിന് പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥയുടെ ആവശ്യം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തതായി മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കി. ‘‘എം അനസൂയയുടെ അപേക്ഷ പരിഗണിച്ചു. ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും ഉദ്യോഗസ്ഥന്റെ പേര് മിസ്റ്റര്‍ എം അനുകതിര്‍ സൂര്യ എന്നായി അംഗീകരിക്കപ്പെടും,’’ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.

‘‘ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസസിനുള്ളിലെ ജെന്‍ഡര്‍ ഐഡന്റിയുടെ അംഗീകാരത്തിലും സ്വീകാര്യതയിലുമുള്ള പുരോഗതി ഇത് എടുത്തുകാണിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ഒരു മാതൃകയാണ് ധനമന്ത്രാലയത്തിന്റെ ഈ അംഗീകാരം,’’ ധനമന്ത്രാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന ഒരു മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയിലെ വിവിധ മേഖലകളില്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്ന നയങ്ങളും സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഈ തീരുമാനത്തിന് കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ‘‘ഇത് വഴിത്തിരിവായ ഉത്തരവാണ്. പേരുമാറ്റത്തിന് വിധേയമായ ഉദ്യോഗസ്ഥനെക്കുറിച്ചും ഞങ്ങളുടെ മന്ത്രാലയത്തെക്കുറിച്ചും ഓർത്ത് അഭിമാനിക്കുന്നു,’’ ആദായനികുതി വകുപ്പിന് കീഴില്‍ സേവനമനുഷ്ഠിക്കുന്ന മറ്റൊരു മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.