കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് അർജൻ്റീന ഫൈനലിൽ

0
224

കോപ്പ അമേരിക്കയിലെ ആദ്യ സെമി പോരാട്ടത്തിൽ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് അർജൻ്റീന. 22-ാം മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് ജൂലിയൻ അൽവാരസും 51-ാം മിനിറ്റിൽ ലയണൽ മെസ്സിയുമാണ് ലോക ചാമ്പ്യന്മാർക്കായി ഗോൾ നേടിയത്.

നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു മെസിയുടെ ഗോള്‍. വ്യാഴാഴ്ച പുലര്‍ച്ചെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.

ഇരുടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ മത്സരം ആവേശകരമായി. എതിരാളികള്‍ നിസരാക്കാരല്ലെന്ന തോന്നലില്‍ അര്‍ജന്റീന മുന്‍മത്സരങ്ങളിലുള്ളതിനേക്കാളും ഒത്തിണക്കവും വേഗവും കൈവരിച്ചു. കാനഡയുടെ മുന്നേറ്റങ്ങളോടെയായിരുന്നു മത്സരം ആരംഭിച്ചത്. സില്‍ ലാറിനും ജൊനാതന്‍ ഡേവിഡും ആദ്യമിനുറ്റുകളില്‍ അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് സൃഷ്ടിച്ച ഭീഷണി മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് പ്രതിരോധനിരതാരം ലൈസാന്‍ഡ്രോ മാര്‍ട്ടിനെസും ടോട്ടനം പ്രതിരോധം കാക്കുന്ന ക്രിസ്റ്റിയന്‍ റൊമേരോയും അടങ്ങുന്ന സഖ്യം തന്ത്രപരമായി ഇല്ലാതാക്കി. പ്രതിരോധത്തില്‍ കൂടി ശ്രദ്ധ വെച്ച് കളിച്ച അര്‍ജന്റിനക്ക് 22-ാം മിനിറ്റില്‍ മികച്ച അവസരം തന്നെയാണ് ലഭിച്ചത്. കനേഡിയന്‍ മുന്നേറ്റത്തിനിടെ ലഭിച്ച പന്തുമായി അതിവേഗം നീങ്ങിയ മധ്യനിരതാരം ഡി പോള്‍ സമയം ഒ്ട്ടും കളയാതെ അത് അല്‍വാരസിലേക്ക് എത്തിച്ചു. കനേഡിയന്‍ താരം മാര്‍ക്ക് ചെയ്തിരുന്നെങ്കിലും ഒന്നുവെട്ടിതിരിഞ്ഞപ്പോള്‍ ബോളും അല്‍വാരസും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അല്‍വാരസ് തൊടുത്ത ഷോട്ട് കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ പതിച്ചു.

രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. ബോക്സിന്റെ എഡ്ജില്‍വെച്ച് മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് പിറകിലേക്ക് നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്സിന് പുറത്തുകടത്താന്‍ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. മെസ്സി ഓഫ്സൈഡാണെന്ന് വാദിച്ച് കനേഡിയന്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനയ്ക്കൊടുവില്‍ ഗോള്‍ ഉറപ്പിച്ചു. കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോളില്‍ വിജയമുറപ്പിച്ച് അര്‍ജന്റീന ഫൈനലിലേക്ക് മുന്നേറി.