ഫ്രഞ്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നേറുന്നു; തീവ്ര വലതുപക്ഷത്തെ ഉപേക്ഷിച്ച് ഫ്രാൻസ്

0
140

തീവ്ര വലതുപക്ഷത്തെ ഉപേക്ഷിച്ച് ഫ്രാൻസ്. ഫ്രഞ്ച് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുസഖ്യം മുന്നേറുന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ സെൻട്രിസ്റ്റ് പാർട്ടിയേയും പിന്തള്ളി ഇടതുപക്ഷ ന്യൂ പോപ്പുലർ ഫ്രണ്ട് അഥവാ എൻഎഫ്പി മുന്നിലാണെന്നാണ് റിപ്പോർട്ട്. ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഫ്രാൻസ് തൂക്കുപാർലമെൻ്റിലേക്ക് നീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാൻസിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ നാഷണൽ റാലി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് വലതുപക്ഷത്തെ ഫ്രാൻസ് പൂർണമായും കൈയൊഴിയുകയായിരുന്നു. നാഷണൽ പാർട്ടി നിലവിൽ മൂന്നാം സ്ഥാനത്താണെന്നാണ് റിപ്പോർട്ടുകൾ. ഇടതുസഖ്യം 192 സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ജനങ്ങൾക്ക് തങ്ങളിൽ വിശ്വാസമുണ്ടെന്നും സർക്കാർ ഉണ്ടാക്കുമെന്നും ഇടതുപക്ഷ സഖ്യം അറിയിച്ചു.

577 അംഗ ഫ്രഞ്ച് പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 289 സീറ്റുകളാണ്. അവിശുദ്ധ സഖ്യം തങ്ങൾ അധികാരത്തിലെത്തുന്നത് തടഞ്ഞെന്ന് നാഷണൽ റാലി നേതാവ് ജോർദാൻ ബാർഡെല്ല പ്രതികരിച്ചു. അസ്ഥിരത ഉണ്ടാക്കിയത് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണെന്നാണ് തീവ്ര വലതുപക്ഷത്തിന്റെ ആരോപണം. ഇന്ന് രാജി സമർപ്പിക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേൽ അട്ടൽ അറിയിച്ചു. എക്സിറ്റ് പോളിന് പിന്നാലെ യൂറോയുടെ മൂല്യം ഇടിഞ്ഞു.