കാണാതായ ‘ക്രിപ്‌റ്റോ-ക്വീനെ’ കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ

0
122

കാണാതായ ‘ക്രിപ്‌റ്റോ ക്വീൻ’ എന്നറിയപ്പെടുന്ന ജർമ്മൻകാരി റുജ ഇഗ്‌നാറ്റോവയെ (44) കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം അഞ്ച് ദശലക്ഷം ഡോളറായി (ഏകദേശം 41.7) വർധിപ്പിച്ച് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ. ബൾഗേറിയയിൽ ജനിച്ച ജർമൻ പൗരയായ ഇവർ വൺകോയിൻ എന്ന പേരിൽ 4.5 ബില്ല്യൺ ഡോളറിന്റെ ക്രിപ്‌റ്റോകറൻസി തട്ടിപ്പ് നടത്തിയതിന് എഫ്ബിഐയുടെ അന്വേഷണം നേരിടുകയാണ്.

2017ൽ യുഎസ് അന്വേഷണ ഉദ്യോഗസ്ഥർ ഇവർക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തെങ്കിലും ആ വർഷം മുതൽ അവരെ കാണാതായി. ബൾഗേറിയൻ അധോലോകവുമായുള്ള അവരുടെ ബന്ധവും തിരോധാനത്തിൽ ഉൾപ്പെട്ട മാഫിയ സംഘം അവരെ കൊലപ്പെടുത്താനുള്ള സാധ്യതയും വ്യക്തമാക്കുന്ന പോഡ്കാസ്റ്റും ഡോക്യുമെന്ററിയും അടുത്തിടെ ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു.

എങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇഗ്നോറ്റോവയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള പത്തുപേരിൽ ഒന്നായി 2022-ൽ അവരുടെ പേര് ചേർത്തിരുന്നു. അന്ന് അവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) ആയിരുന്നു പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് 2.5 ലക്ഷം ഡോളറായി ഉയർത്തി. ബുധനാഴ്ച ഈ തുക 20 മടങ്ങായി വർധിച്ചിപ്പിച്ചിരിക്കുകയാണ്.

എഫ്ബിഐ ലിസ്റ്റിലുള്ള ഏക വനിതയാണ് ഇഗ്നാറ്റോവ. യൂറോപ്പിലെ ഏറ്റവും വലിയ മയക്കുമരുന്നു സംഘത്തലവനായ ഡാനിയേൽ കിനാഹാനെക്കുറിച്ചുള്ള വിവരം കൈമാറുന്നവർക്കും അഞ്ച് മില്ല്യൺ ഡോളർ തുകയാണ് പാരിതോഷികമായി എഫ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജർമൻ അധികൃതർ ഇഗ്നാറ്റോവയ്‌ക്കെതിരേ നേരത്തെ തന്നെ കുറ്റം ചുമത്തിയിട്ടുണ്ട്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് വൺകോയിൻ പ്രവർത്തിച്ചിരുന്നത്.