മാന്നാർ കല വധക്കേസിൽ ഒന്നാം പ്രതിക്കായി ഇന്റര്‍ പോള്‍ മുഖേന ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങി പൊലീസ്

0
85

മാന്നാർ കല വധക്കേസിൽ ജിനു, സോമരാജൻ, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം തെളിവെടുപ്പ് ഒരുമിച്ച് നടത്തിയാൽ മതിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ കോടതിയിൽ ഇന്ന് അപേക്ഷ നൽകി. ഒന്നാം പ്രതിക്കായി ഇന്റര്‍ പോള്‍ മുഖേന ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങള്‍ നോഡല്‍ ഏജന്‍സിയായ സിബിഐക്ക് കൈമാറി. അനിലിനെ എത്രയും വേഗം നാട്ടില്‍ എത്തിച്ചെങ്കില്‍ മാത്രമേ കേസ് അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകൂ.

ഇതിനിടെ,കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സാക്ഷികള്‍ രംഗത്തെത്തിയിരുന്നു. കലയുടെ മൃതദേഹവുമായി മൂന്ന് പേര്‍ തന്നെ സമീപിച്ചിരുന്നതായി മാന്നാര്‍ സ്വദേശിയായ സോമന്‍ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാര്‍ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നതായി മുരളീധരന്‍ എന്നയാളും പറയുന്നു. എന്നാല്‍ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവര്‍ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുകയാണ്.15 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തില്‍ ഗുണം ചെയ്യുമെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍.

കലയുടെ മൃതദേഹവുമായി മൂന്ന് പേര്‍ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാര്‍ സ്വദേശി സോമന്‍ പറയുന്നു. നിലവില്‍ കേസിലെ സാക്ഷിയായ സുരേഷ് കൊലപാതക വിവരം തന്നോട് പറഞ്ഞതായി മുരളീധരന്‍ എന്നയാളും വെളിപ്പെടുത്തി.മുരളീധരനും സോമനും എസ്എന്‍ഡിപിയുടെ മുന്‍ പ്രസിഡന്റുമാരാണ്. മാന്നാര്‍ എസ്എന്‍ഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് ഈ കേസിന് തുമ്പ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വര്‍ഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും നടത്തി. അതേസമയം, കേസില്‍ തുമ്പുണ്ടാക്കാന്‍ തലങ്ങും വിലങ്ങും അന്വേഷണം നടത്തുകയാണ് പൊലീസ്.