ടീം ഇന്ത്യ വിക്ടറി പരേഡ്; ലോക ചാമ്പ്യന്മാർക്ക് മുംബൈയില്‍ ഉജ്ജ്വല സ്വീകരണം

0
205

17 വർഷത്തിന് ശേഷം ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് ആഘോഷമാക്കി താരങ്ങളും ആരാധകരും. ഡൽഹിക്ക് പുറമെ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് മുംബൈയിലും ഉജ്ജ്വല സ്വീകരണം.

താരങ്ങളെ ആദരിക്കാന്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടീം അംഗങ്ങള്‍ മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്‌റ്റേഡിയം വരെ ഗംഭീര റോഡ് ഷോ നടത്തിയപ്പോള്‍ സ്വീകരിക്കാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത് പതിനായിര കണക്കിന് ആരാധകര്‍.

മുംബൈ നഗരത്തെ നിശ്ചലമാക്കി കൊണ്ടാണ് റോഡ് ഷോ കടന്നുപോയത്. തങ്ങളുടെ ഇഷ്ട താരങ്ങളെ ഒരു നോക്കുകാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ റോഡിന്റെ ഇരുവശവും സ്ഥാനം ഉറപ്പിച്ച ആരാധകര്‍ക്ക് സ്വപ്‌ന സാഫല്യം. ഓപ്പണ്‍ ബസില്‍ കപ്പ് ഉയര്‍ത്തിയും ആര്‍ത്തുവിളിച്ചും താരങ്ങള്‍ സ്വപ്‌ന നേട്ടം ആഘോഷിച്ചപ്പോള്‍ ആരാധകരും ഏറ്റുപിടിച്ചു.

രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മറൈന്‍ ഡ്രൈവിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ട്രോഫി ഉയര്‍ത്തി ആര്‍ത്തുവിളിച്ചത് ആരാധകര്‍ക്ക് ആവേശമായി. ആരാധകരുടെ ആവേശ കൊടുങ്കാറ്റില്‍ അമ്പരന്ന് നിന്ന രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട ദൃശ്യങ്ങളും പുറത്തുവന്നു.

സൂര്യകുമാര്‍ യാദവ് മറൈന്‍ ഡ്രൈവിലെ ആരാധകരോട് വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും പേരുകള്‍ ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെട്ടു. വിരാട് കോഹ്ലിക്ക് ടി20 ലോകകപ്പ് ട്രോഫി ഹര്‍ദിക് പാണ്ഡ്യ കൈമാറുന്നത് കണ്ട് ആവേശഭരിതരായ ആരാധകര്‍ ഇന്ത്യ, ഇന്ത്യ… എന്ന് ഉറക്കെ വിളിക്കാനും മറന്നില്ല.