രോഗിയായ കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്തോനേഷ്യയിലെ ദക്ഷിണ സുലവേസി പ്രവിശ്യയിലെ വനത്തിലാണ് സംഭവം. സിതേബ ഗ്രാമവാസിയായ 36 കാരനാണ് കൊല്ലപ്പെട്ടത്. പ്രവിശ്യയിൽ ഒരു മാസത്തിനിടെ പെരുമ്പാമ്പ് വിഴുങ്ങുന്ന രണ്ടാമത്തെ സ്ത്രീയാണിത്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ സിറിയത്തിയെ കാണാതാവുകയായിരുന്നു. യുവതിയെ തിരഞ്ഞെത്തിയ ഭര്‍ത്താവ് ആഡിയന്‍സ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ സിറിയത്തിന്റെ ചെരിപ്പും പാന്റും കണ്ടെത്തി. തൊട്ടുപിന്നാലെ, നടവഴിയില്‍ നിന്ന് 10 മീറ്റര്‍ അകലെ ഒരു പെരുമ്പാമ്പിനെയും അദ്ദേഹം കണ്ടു. പാമ്പിന്റെ വയറ് വീര്‍ത്തിരിക്കുന്നത് കണ്ട് സംശയം തോന്നിയ അഡിയാന്‍സ ഗ്രാമവാസികളെ വിളിച്ച് പാമ്പിനെ കൊന്ന് വയറ് പരിശോധിക്കുകയായിരുന്നു. പാമ്പിന്റെ വയറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.
സമീപ വര്‍ഷങ്ങളില്‍ പ്രവിശ്യയില്‍ നിരവധി ആളുകളെ പെരുമ്പാമ്പ് വിഴുങ്ങിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. സൗത്ത് സുലവേസിയിലെ മറ്റൊരു ജില്ലയില്‍ കഴിഞ്ഞ മാസം ഒരു സ്ത്രീയെ റെറ്റിക്കുലേറ്റഡ് പൈത്തണ്‍ ഇനത്തിലുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ഷകനെ കഴുത്ത് ഞെരിച്ച് കൊന്ന എട്ട് മീറ്റര്‍ നീളമുള്ള ഭീമന്‍ പെരുമ്പാമ്പിനെ പ്രദേശവാസികള്‍ കൊന്നു. വെസ്റ്റ് സുലവേസിയിലെ ഒരു കര്‍ഷകനെ പാം ഓയില്‍ തോട്ടത്തില്‍ നാല് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. 2018ല്‍ തെക്കുകിഴക്കന്‍ സുലവേസിയിലെ മുന പട്ടണത്തില്‍ 54 കാരിയായ സ്ത്രീയെ ഏഴ് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.