കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷ വിധിച്ച പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി

0
43

വിചാരണക്കോടതി വധശിക്ഷ വിധിച്ച കൊലപാതകക്കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി വെറുതെ വിട്ടുത്. ഗിരീഷ് കുമാറിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. തെളിവുകളൊന്നും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

മൂന്ന് മാസത്തിനകം ഗിരീഷിന് നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വധശിക്ഷ വിധിക്കുന്നതിന് വിചാരണക്കോടതി ആശ്രയിച്ച പ്രധാന സാക്ഷിയുടെ മൊഴി ഒരുവിധത്തിലും വിശ്വസനീയമല്ലെന്ന് കോടതി. പത്ത് വർഷം ജയിലിൽ കിടന്നതിന് ശേഷമാണ് ​ഗിരീഷിന് ജയിൽ മോചനം സാധ്യമാകുന്നത്. ഇതിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ശ്യാം കുമാർ വി എം എന്നിവരുടെ ബെഞ്ചാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്.

2013ലാണ് കുണ്ടറ മുളവന കോട്ടപ്പുറം എ വി സദനിൽ വർഗീസിന്റെ ഭാര്യ ആലീസ്(57) ക്രൂരമായി കൊല്ലപ്പെടുന്നത്. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ആലീസിനെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും വീട്ടിൽ കവർച്ച നടത്തുകയും ചെയ്‌തെന്ന കേസിലാണ് പാരിപ്പള്ളി കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് കുമാറിനെ പോലീസ് പിടികൂടിയത്. 2013 ജൂൺ 11ന് ആണു കേസിന് ആസ്പദമായ സംഭവം.