പുണെ പോർഷെ അപകടം; പ്രതിയുടെ അച്ഛനും മുത്തച്ഛനും ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യം

0
161

പതിനേഴുകാരൻ ഓടിച്ച പോർഷെയിൽ ഇടിച്ച് രണ്ട് പേർ മരിച്ച കേസിലെ പ്രതിയുടെ അച്ഛനും മുത്തച്ഛനും ജാമ്യം. ചൊവ്വാഴ്ചയാണ് പൂനെ കോടതി പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി വിശാൽ അഗർവാളിനും പിതാവിനും ജാമ്യം അനുവദിച്ചത്. ഫാമിലി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവിലാക്കിയ കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

അപകടസമയത്ത് കാർ ഓടിച്ചത് താനാണെന്ന് വ്യാജമൊഴി കൊടുക്കണമെന്നാവശ്യപ്പെട്ട് ഇവരുടെ കുടുംബ ഡ്രൈവറായ ഗംഗാറാമിനെ ഭീഷണിപ്പെടുത്തുകയും വീട്ടിൽ തടഞ്ഞുവെക്കുകയും ചെയ്‌തെന്നാണ് കേസ്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകളാണ് പ്രതിയായ 17 കാരന്റെ മാതാപിതാക്കൾക്കും മുത്തശ്ശനുമെതിരെ ചുമത്തിയിരിക്കുന്നത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതിയുടെ രക്തസാമ്പിളിൽ തിരിമറി നടത്തിയെന്ന കേസും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കേസുകളിൽ പ്രതിയുടെ അച്ഛനും അമ്മയും മുത്തശ്ശനും ജയിലിലാണ്.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞാഴ്ച പ്രതിയായ പതിനേഴുകാരനെ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് വിട്ടയക്കുകയും കസ്റ്റഡി പിതൃസഹോദരിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൂനെ പൊലീസ്. കഴിഞ്ഞ മെയ് 19 നാണ് പൂനെയിലെ കല്യാണി നഗറിൽ 17 കാരൻ ഓടിച്ച ആഡംബര കാറിടിച്ച് ബൈക്ക് യാത്രക്കാരായ ഐടി പ്രൊഫഷണലുകളായ യുവതിയും യുവാവും കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോൾ പ്രതി മദ്യപിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് തൊട്ടുപിന്നാലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് 17 വയസുകാരന് ജാമ്യം അനുവദിച്ചത് ഏറെ വിവാദമായിരുന്നു. റോഡ് സുരക്ഷയെക്കുറിച്ച് 300 വാക്കിലുള്ള ഉപന്യാസം എഴുതാൻ നിർദേശിച്ചായിരുന്നു ജാമ്യം അനുവദിച്ചത്.എന്നാൽ ഇത് പിന്നീട് വിവാദമായതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.