അന്താരാഷ്‌ട്ര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അന്താരാഷ്ട്ര തലത്തിൽ മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎ കേസ് എടുത്തത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി. കൊച്ചി എൻഐഎ കോടതിയിൽ എഫ്ഐആർ ഫയൽ ചെയ്തു.
നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മെയ് 19നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അവയവ കടത്ത് കേസിലെ മുഖ്യസൂത്രധാരൻ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലാകുന്നത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
സാബിത്ത് നാസർ കൂടാതെ അവയവ മാഫിയയിൽ മുഖ്യപങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമൻ കൊച്ചി സ്വദേശി മധുവാണ് ഇറാനിലെ തലവൻ. സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്.