മാന്നാറിൽ കലയുടെത് കൊലപാതകമെന്ന് സ്ഥിതീകരിച്ചു; ഭർത്താവ് അനിൽകുമാറിനെ നാട്ടിലെത്തിക്കും

0
113

മാന്നാറിലെ കലയുടെ കൊലപാതകം ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ സ്ഥിരീകരിച്ചു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചതായി എസ്പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കലയുടെ ഭർത്താവ് അനിൽകുമാർ തന്നെയാണ് കുറ്റം ചെയ്തതെന്നാണ് പൊലീസിൻ്റെ നിഗമനം. ഇസ്രായേലിലുള്ള അനിലിനെ നാട്ടിലെത്തിക്കുമെന്ന് എസ്പി പറഞ്ഞു.

കൊലപാതകം നടന്നത് എവിടെ വച്ചാണെന്നു ഉറപ്പിച്ചു പറയാനാവില്ലെന്നും വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു. കലയെ കാണാതായതായി കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലായിരുന്നുവെന്നും എസ്പി പറഞ്ഞു.

2008-2009 കാലഘട്ടത്തിലാണ് മാന്നാറില്‍ നിന്ന് കലയെ കാണാതായത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

സെപ്റ്റിക് ടാങ്കില്‍ നിന്ന് ഒരു സ്ത്രീയുടേതെന്ന് കരുതുന്ന ഒരു ലോക്കറ്റും, ക്ലിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് എസ്പി ചൈത്ര തെരേസ ജോണ്‍ പറഞ്ഞു. കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.