സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കി

0
36

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ വധശിക്ഷ റദ്ദാക്കി. അബ്ദുറഹീമിനോട് ക്ഷമിക്കാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലൻ്റെ കുടുംബം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിധി. അബ്ദുറഹീം ഉടൻ ജയിൽ മോചിതനാകുമെന്നാണ് സൂചന.

18 വര്‍ഷത്തിലധികമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ ഇന്നാണ് കോടതി റദ്ദാക്കിയത്. വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുമായി ഇന്ന് കോടതിയില്‍ നടന്ന സിറ്റിംഗിന് ശേഷമാണ് ശിക്ഷ റദ്ദാക്കിയത്. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചു. സൗദി കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാലിന്റെ(ഏകദേശം 34 കോടി രൂപ)ചെക്ക് ഏതാനും ദിവസം മുമ്പ് റിയാദ് ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറിയിരുന്നു.

ഇരുവിഭാഗവും ഒപ്പിട്ട അനുരഞ്ജന കരാറും ഗവര്‍ണറേറ്റ് കോടതിക്ക് കൈമാറി. വധശിക്ഷ റദ്ദാക്കിയതോടെ അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി അബ്ദുറഹീമിന്റെ മോചനത്തിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചാല്‍, ജയില്‍ മോചിതനാക്കി നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികള്‍ ഗവര്‍ണറേറ്റ് സ്വീകരിക്കും. മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കടമ്പകള്‍ കടന്ന സന്തോഷത്തിലാണ് 16 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന റിയാദിലെ നിയമസഹായ സമിതി.