മാന്നാറിൽ കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തി

0
67

മാന്നാറിൽ യുവതിയെ കാണാതായ സംഭവത്തിൽ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. സെപ്റ്റിക്ക് ടാങ്ക് കുഴിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കലയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കും. 15 വർഷം മുൻപാണ് കലയെ കാണാതായിരുന്നത്. കലയെ മറവുചെയ്തെന്ന് കരുതുന്ന ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച ഊമക്കത്താണ് നിർണായക വിവരമായത്. കലയെ കൊന്നു മറവുചെയ്തെന്ന വിവരത്തെത്തുടർന്ന് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കലയെ തുണി കഴുത്തിൽ ചുറ്റി കൊലപ്പെടുത്തിയെന്നാണ് പൊലീസിന് കസ്റ്റഡിയിലുള്ളവർ മൊഴിനൽകിയത്.

കലയും അനിൽ കുമാറും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. കല മറ്റൊരാളുടെ കൂടെ പോയതെന്നായിരുന്നു അനിൽകുമാർ കലയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. കലയെ കൊന്ന ശേഷം മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്കിൽ മറവ് ചെയ്തതായാണ് മൊഴി നൽകിയിരിക്കുന്നത്. കസ്റ്റഡിയിലുള്ളവർ അനിൽകുമാറിന്റെ അച്ഛന്റെ സഹോദരന്റെ മക്കളാണ്. മൃതദേഹം കാറിൽ കൊണ്ടുവന്നത് കണ്ടുവെന്നും മറവ് ചെയ്യാൻ സഹായം നൽകിയെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്.