അസമിലും അരുണാചൽ പ്രദേശിലും കനത്ത മഴയും വെള്ളപ്പൊക്കവും; റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
124

അസമിലും അരുണാചൽ പ്രദേശിലും കനത്ത മഴയും വെള്ളപ്പൊക്കവും. അസമിൽ മാത്രം 6.44 ലക്ഷം പേരെ ബാധിച്ചു. 19 ജില്ലകളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. അരുണാചൽ പ്രദേശിലെ കുറുങ് കുമേ ജില്ലയിൽ കുറുങ് നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയി. ചൈനയുമായി അതിർത്തി പങ്കിടുന്ന യഥാർത്ഥ നിയന്ത്രണരേഖയിലേക്കുള്ള പ്രധാനമാർഗമാണിത്. ഇറ്റാനഗറിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 2 മുതൽ 5 വരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മേഖലയിൽ മുഴുവൻ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അരുണാചലുമായി അതിർത്തി പങ്കിടുന്ന ലഖിംപൂരിൽ 1.43 ലക്ഷവും ദേമാജിയിൽ 1.01 ലക്ഷം പേരും മഴക്കെടുതിയിലായി. വിവിധ ജില്ലകളിലായി 8000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി. സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മഴയിലും മരിച്ചവരുടെ എണ്ണം 45 ആയി. അരുണാചലിൽ ക്യാച്മെൻ്റ് ഏരിയയിൽ ഉണ്ടായ കനത്തമഴയാണ് ആസാമിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സുബാൻസിരി ഡാം തുറന്നുവിട്ടതും വെള്ളപ്പൊക്കത്തിൻ്റെ ആഘാതം വർധിപ്പിച്ചു. നിലവിൽ ആസാമിലെ ഭൂരിഭാഗം നദികളും അപകടകരമായ രീതിയിൽ കരകവിഞ്ഞൊഴുകുകയാണ്. ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള എല്ലാ പ്രദേശങ്ങളും വെള്ളത്തിലാണ്.

അരുണാചൽ പ്രദേശിലെയും സ്ഥിതി വ്യത്യസ്തമല്ല. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നാംസായി, ചാങ്ലാങ് ജില്ലകൾ വെള്ളത്തിലായി. ആസാം റൈഫിൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയും ആളുകളെ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. പ്രധാന നദികളും കൈവഴികളുമെല്ലാം കരകവിഞ്ഞൊഴുകുന്നതിനാൽ പല ഗ്രാമങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും കനത്തനാശമുണ്ടാക്കി.